കിനാലൂര്‍ ഭൂപ്രശ്നം: സിംഗിള്‍ ബഞ്ചില്‍ നിന്ന് അനുകൂല വിധിയുണ്ടായതിനെ കുറിച്ച് പരിശോധിക്കുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍

കിനാലൂര്‍ ഭൂപ്രശ്നം. ഡിവിഷന്‍ ബഞ്ച് വിധി മറച്ച് വെച്ച് ഭൂമി രജിസ്റ്റര്‍ ചെയ്യാന്‍ സിംഗിള്‍ ബഞ്ചില്‍ നിന്ന് അനുകൂല വിധിയുണ്ടായതിനെ കുറിച്ച് പരിശോധിക്കുമെന്ന് റവന്യൂവകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍. കിനാലൂര്‍ എസ്റ്റേറ്റിലെ ഭൂമി റജിസ്ട്രേഷനുമായി ബന്ധപ്പെട്ടുള്ള തൊഴിലാളികളുടെ പ്രശ്നങ്ങള്‍ അനുഭാവ പൂര്‍വം പരിഗണിക്കുമെന്നും മന്ത്രി കോഴിക്കോട്ട് പറഞ്ഞു.

കിനാലൂര്‍ എസ്റ്റേ്റ്റിലെ 2000ത്തോളം ഏക്കര്‍ ഭൂമി മുറിച്ച് വില്‍ക്കുന്നത് ഭൂപരിഷ്‌കരണ നിയമത്തിന്റെ ലംഘനമാകുമെന്നായിരുന്നു ഹൈകോടതി ഡിവിഷന്‍ ബഞ്ചിന്റെ വിധി. ഇതിന്റെ അടിസ്ഥാനത്തില്‍ കലക്ടര്‍ അടക്കമുള്ള റവന്യൂവിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്ക് എജിയുടെ ഓഫീസില്‍ നിന്നും അറിയിപ്പും നല്‍കിയിരുന്നു. ഇതിനിടെയാണ് ഭൂമികൈമാറ്റം നടത്താന്‍ അനുവദിക്കണമെന്നും രജിസ്റ്റര്‍ ചെയ്യാന്‍ സബ് രജിസ്റ്ററോട് നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ട് ചിലര്‍ സിംഗിള്‍ ബഞ്ചിനെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചത്. ഇത് അസ്വാഭാവികമാണെന്നും ഉദ്യോഗസ്ഥതലത്തില്‍ ജാഗ്രതകുറവ് സംഭവിച്ചോയെന്ന് പരിശോധിക്കുമെന്നും റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ കോഴിക്കോട്ട് പറഞ്ഞു.

ഭൂമി രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് കിനാലൂര്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം ഡിവിഷന്‍ബഞ്ചിന്റെ വിധി നിലനില്‍ക്കെ മൂന്ന് പേര്‍ക്ക് 25 ഏക്കര്‍ ഭൂമി രജിസ്റ്റര്‍ ചെയ്ത് നല്‍കിയത് വിവാദമായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker