അയോദ്ധ്യ തര്‍ക്ക ഭൂമി കേസ് സുപ്രിം കോടതി ഭരണഘടന ബെഞ്ച് ഇന്ന് പരിഗണിക്കും

ദില്ലി: അയോദ്ധ്യ തര്‍ക്ക ഭൂമി കേസ് സുപ്രിം കോടതി ഭരണഘടന ബെഞ്ച് ഇന്ന് പരിഗണിക്കും. തര്‍ക്കം പരിഹരിക്കാന്‍ നടക്കുന്ന മധ്യസ്ഥ ചര്‍ച്ചയില്‍ പുരോഗതി ഇല്ലാത്തതിനാല്‍ അപ്പീലുകളില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ആവശ്യത്തിലാണ് ഭരണഘടന ബെഞ്ച് വാദം കേള്‍ക്കുക.

അയോദ്ധ്യ തര്‍ക്ക ഭൂമി കേസില്‍ മധ്യസ്ഥ ചര്‍ച്ചയില്‍ പുരോഗതിയില്ലെന്ന് കാട്ടി പ്രധാന ഹര്‍ജിക്കാരില്‍ ഒരാളായ ഗോപാല്‍ സിംഗാണ് സുപ്രിംകോടതിയെ സമീപിച്ചത്. തര്‍ക്കഭൂമി വീതം വച്ച അലഹബാദ് ഹൈക്കോടതി വിധിക്ക് എതിരായ അപ്പീലുകള്‍ ഉടന്‍ പരിഗണിക്കണം എന്നാണ് അപേക്ഷയിലെ ആവശ്യം. റിട്ട ജസ്റ്റിസ് എഫ്എംഐ ഖലീഫുള്ളയുടെ നേതൃത്വത്തിലുള്ള മധ്യസ്ഥ സമിതിക്ക് ആഗസ്റ്റ് 15 വരെ സുപ്രിംകോടതി സമയം നീട്ടി നല്‍കിയിരുന്നു. അതിന് ശേഷം കേസ് പരിഗണിക്കാന്‍ ആയിരുന്നു തീരുമാനം.

എന്നാല്‍ പുതിയ അപേക്ഷ ഇന്നലെ ഗോപാല്‍ സിംഗിന്റെ അഭിഭാഷകന്‍ കോടതിയില്‍ പരാമര്‍ശിച്ചതിനെ തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടന ബഞ്ച് ഇന്ന് സിറ്റിംഗ് നിശ്ചയിച്ചത്. ജസ്റ്റിസ് എസ്എ ബോബ്ഡെ, ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് അബ്ദുല്‍ നസീര്‍ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. അപേക്ഷ പരിഗണിച്ചു മധ്യസ്ഥ സമിതിയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടേക്കാം. പതിറ്റാണ്ടുകളായി തുടരുന്ന തര്‍ക്കത്തില്‍ മധ്യസ്ഥ ചര്‍ച്ചയുടെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് മാധ്യമങ്ങളെ കോടതി വിലക്കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker