അമ്പയര്‍മാരുടെ അശ്രദ്ധ; ധോണി ഔട്ടായത് നോബോളില്‍? തെളിവുകള്‍ നിരത്തി സോഷ്യല്‍മീഡിയ; വിവാദം കത്തുന്നു

മാഞ്ചസ്റ്റര്‍: സെമി ഫൈനലില്‍ 18 റണ്‍സിന് പരാജയപ്പെട്ടതിന്റെ നിരാശയിലാണ് ഇന്ത്യന്‍ ടീമും ആരാധകരും. തുടക്കത്തില്‍ തന്നെ ബാറ്റിംഗ് പാളിച്ചയുണ്ടായെങ്കിലും ധോണിയുടെയും ജഡേജയുടെയും ചെറുത്തുനില്‍പ്പില്‍ ആരാധകര്‍ ഏറെ ആത്മവിശ്വത്തിലായിരുന്നു. എന്നാല്‍ ജഡേജയ്ക്ക് പിന്നാലെ ധോണിയും ഔട്ടായതോടെ എല്ലാ പ്രതീക്ഷകളും അസ്തമിക്കുകയായിരുന്നു. 72 പന്തില്‍ നിന്ന് 50 റണ്‍സ് എടുത്താണ് ധോണി പുറത്തായത്. രണ്ട് റണ്ണിന് വേണ്ടി ഓടിയ ധോണി മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെ ത്രോയില്‍ ഔട്ടാകുകയായിരുന്നു.

എന്നാല്‍, ധോണിയുടെ വിക്കറ്റ് അംപയര്‍മാരുടെ വീഴ്ചകൊണ്ട് സംഭവിച്ചതാണെന്ന് സോഷ്യല്‍മീഡിയ പറയുന്നു. ധോണി റണ്ണൗട്ടായ പന്തെറിയുന്നതിന് തൊട്ടു മുമ്പുള്ള പന്തില്‍ ന്യൂസിലാന്‍ഡ് ആറ് ഫീല്‍ഡര്‍മാരെ ബൗണ്ടറിയില്‍ നിര്‍ത്തിയെന്നാണ് പുതിയതായി നിരീക്ഷിക്കപ്പെട്ടിരിക്കുന്നത്. നിയമം അനുസരിച്ച് മൂന്നാം പവര്‍പ്ലേയില്‍ 30 യാര്‍ഡ് സര്‍ക്കിളിനു പുറത്ത് അഞ്ചു ഫീല്‍ഡര്‍മാരിലധികം ഉണ്ടാകാന്‍ പാടില്ലെന്നാണ് നിയമം. എന്നാല്‍ ഈ സമയം ആറ് ഫീല്‍ഡര്‍മാര്‍ ഉണ്ടായിരുന്നവെന്നാണ് സൈബര്‍ ലോകം കണ്ടെത്തിയിരിക്കുന്നത്.

49ാം ഓവര്‍ എറിഞ്ഞ ലോക്കി ഫെര്‍ഗൂസനും ട്രെന്റ് ബോള്‍ട്ടും ചേര്‍ന്നാണ് അതിന് തൊട്ടു മുമ്പുള്ള പന്തില്‍ ഫീല്‍ഡ് സെറ്റ് ചെയ്തതത്. തേര്‍ഡ് മാനിലുള്ള ഫീല്‍ഡറെ 30വാര സര്‍ക്കിളിനകത്തേക്ക് ഇറക്കി നിര്‍ത്താതെ ഫൈന്‍ ലെഗ് ഫീല്‍ഡറെ ബൗണ്ടറിയിലേക്ക് കയറ്റി നിര്‍ത്തിയതോടെയാണ് ആറ് ഫീല്‍ഡര്‍മാര്‍ ബൗണ്ടറി ലൈനില്‍ വരാന്‍ കാരണമായത്. ഇത് ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ ശ്രദ്ധിച്ചതുമില്ല. ധോണി ഔട്ടായ പന്തിന് തൊട്ടു മുമ്പ് സ്റ്റാര്‍ സ്‌പോര്‍ട്‌സ് പുറത്തുവിട്ട ഫീല്‍ഡിങ് പൊസിഷനിന്റെ ഗ്രാഫിക്‌സിലും ഇക്കാര്യം വ്യക്തമാണ്.

ഈ ഗുരുതര പിഴവിനെതിരെ സോഷ്യല്‍ മീഡിയയില്‍ രോഷം പുകയുകയാണ്. ധോണിയുടെ റണ്ണൗട്ടാണ് മത്സരത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയതെന്ന് ആരാധകരും ഉറച്ചുവിശ്വസിക്കുന്നു. ധോണി പുറത്താവുമ്പോള്‍ ഇന്ത്യക്ക് ഒമ്പത് പന്തില്‍ 24 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. ഇക്കാര്യം കണ്ടിരുന്നെങ്കില്‍ ധോണി റണ്ണൗട്ടായ 49ാം ഓവറിലെ മൂന്നാം പന്തില്‍ ഇന്ത്യക്ക് ഫ്രീ ഹിറ്റ് ലഭിക്കുമായിരുന്നു. ഫ്രീ ഹിറ്റായിരുന്നെങ്കില്‍ ധോണി രണ്ടാം റണ്ണിനായി ഓടി റണ്ണൗട്ടാകേണ്ടി വരില്ലായിരുന്നു എന്നുമാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്ന വാദം. അമ്പയര്‍മാര്‍ക്കെതിരെയും വ്യാപക പരാതികളാണ് ഉയരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker