അനുനയനം പാളി, ഡി കെ ശിവകുമാര്‍ അറസ്റ്റില്‍; സര്‍ക്കാര്‍ പിരിച്ചുവിടണമെന്ന് ബിജെപി; യെദ്യൂരപ്പ ഗവര്‍ണര്‍ക്ക് കത്ത് കൈമാറി

ബംഗളൂരു: കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ വിമത എംഎല്‍എമാരെ അനുനയിപ്പിക്കാന്‍ മുംബൈയിലെത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഡി കെ ശിവകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹോട്ടല്‍ പരിസരത്ത് പൊലീസ് ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ ലംഘിച്ചതിനാണ് അറസ്റ്റ്. ശിവകുമാറില്‍ നിന്നും ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി വിമത എംഎല്‍എമാര്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് മുംബൈ പൊലീസ് അദ്ദേഹത്തെ ഹോട്ടലിന് മുന്നില്‍ തടഞ്ഞു നിര്‍ത്തിയത്. തുടര്‍ന്ന് ഹോട്ടലിന്റെ മുന്നില്‍ ഗോ ബാക് വിളികളുമായി ബിജെപി പ്രവര്‍ത്തകരും ശിവകുമാറിന് പിന്തുണയുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരും തടിച്ചു കൂടി. ഇതോടെ പൊലീസ് നിരോധനാജ്ഞ പുറപ്പെടുവിക്കുകയായിരുന്നു.

അതേസമയം, കര്‍ണാടകയിലെ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ പിരിച്ചു വിടണമെന്നാവശ്യപ്പെട്ട് ബിജെപി ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. ഭൂരിപക്ഷം നഷ്ടപ്പെട്ട സഖ്യസര്‍ക്കാറിന് തുടരാന്‍ അര്‍ഹതയില്ലെന്നും നിയമസഭയില്‍ നില്‍ക്കാനാകില്ലെന്നും വിശദീകരിച്ച് നാലു പേജുള്ള കത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പ ഗവര്‍ണര്‍ക്ക് കൈമാറി.

വിമത എം.എല്‍.എമാരുടെ രാജിയില്‍ ഉടന്‍ നടപടിയെടുക്കണമെന്ന് സ്പീക്കറോട് ആവശ്യപ്പെടാന്‍ ഗവര്‍ണറോട് അഭ്യര്‍ത്ഥിച്ചതായി യെദ്യൂരപ്പ പറഞ്ഞു. കുമാരസ്വാമി മന്ത്രിസഭക്ക് തുടരാനുള്ള അര്‍ഹത നഷ്ടമായി. ഭൂരിപക്ഷം തെളിയിക്കാനുള്ള അംഗങ്ങള്‍ സഖ്യസര്‍ക്കാറിനില്ലെന്നും യെദ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു. ഭൂരിപക്ഷമില്ലാത്ത സര്‍ക്കാര്‍ നിയമസഭയില്‍ വരുന്നത് നിയമവിരുദ്ധമാണ്. ഇപ്പോള്‍ നടക്കുന്നത് ഭരണഘടനാ വിരുദ്ധമായ ഭരണമാണെന്ന് ഗവര്‍ണറെ ധരിപ്പിച്ചതായും യെദ്യൂരപ്പ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker