പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യ ദുഃഖകരം, കുറ്റവാളികളെ രക്ഷിക്കാന്‍ ശ്രമം ഉണ്ടായിട്ടില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: കണ്ണൂര്‍ ആന്തൂരില്‍ പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അടിയന്തര പ്രമേയവുമായി വീണ്ടും പ്രതിപക്ഷം നിയമസഭയില്‍. നഗരസഭാ അധ്യക്ഷ പികെ ശ്യാമളയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. മൊഴി നല്‍കിയിട്ടും ശ്യാമളക്കെതിരെ ആത്മഹത്യ പ്രേരണാകുറ്റം ചുമത്തിയില്ലെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടി കെഎം ഷാജി ചൂണ്ടിക്കാട്ടി. പി ജയരാജനെ കണ്ടതിന്റെ പേരിലാണ് സാജന്റെ ഓഡിറ്റോറിയത്തിന് അനുമതി നല്‍കാതിരുന്നത്. ഓരോ ഫയലിലും ഓരോ ജീവിതമുണ്ടെന്ന് മുഖ്യമന്ത്രി പറയുന്നു. എന്നാല്‍, ഇപ്പോള്‍ ഓരോ ജീവിതവും ഓരോ ഫയലാണ്. പി. ജയരാജനെ എതിര്‍ത്താലും അനുകൂലിച്ചാലും മരിക്കുമെന്നാണ് കണ്ണൂരിലെ അവസ്ഥ. ആന്തൂര്‍ നഗരസഭാ അധ്യക്ഷക്ക് ധിക്കാരമാണ്. സാജന്‍ ഒരു രക്തസാക്ഷിയെന്നും അതില്‍ സഭയിലുള്ള 140 പേര്‍ക്കും പങ്കുണ്ടെന്നും ഷാജി ചൂണ്ടിക്കാട്ടി. പാര്‍ട്ടിക്ക് അമ്യൂസ്‌മെന്റ് പാര്‍ക്ക് ഉണ്ടാക്കാം, എന്നാല്‍ പ്രവാസികളെ പറ്റില്ലെന്നും ഷാജി പറഞ്ഞു.

പ്രവാസിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാര്‍ ഗൗരവമായി ഇടപെട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി. ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യ ദുഖകരമെന്ന് മുഖ്യമന്ത്രി പറഞ്ഞു.സാജന്റെ മരണത്തില്‍ ഭാര്യ പരാതി തരുന്നതിന് മുമ്പ് തന്നെ നടപടികള്‍ തുടങ്ങിയിരുന്നുവെന്നും നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. ആന്തൂര്‍ സംഭവം അങ്ങേയറ്റം ദുഃഖകരമാണ്. സാജന്റെ ഭാര്യയുടെ പരാതി ലഭിച്ചു. ശരിയായ അന്വേഷണം നടത്തി വസ്തുതകള്‍ പുറത്ത് വരണം. കുറ്റവാളികളെ രക്ഷിക്കാനും അന്വേഷണം അട്ടിമറിക്കാനും ശ്രമം ഉണ്ടായിട്ടില്ല. നിഷ്പക്ഷമായ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.നഗരസഭ കൗണ്‍സില്‍ തീരുമാനങ്ങള്‍ക്കെതിരായ അപ്പീലുകള്‍ ഒരു മാസത്തിനുള്ളില്‍ തീര്‍പ്പാക്കാന്‍ നടപടിയെടുക്കുമെന്നും, ഇതിനായി കൊച്ചിയിലും കോഴിക്കോടും ട്രിബ്യൂണല്‍ തുടങ്ങും. നഗരസഭ സെക്രട്ടറിമാരുടെ അധികാരങ്ങള്‍ പരിമിതപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിപിഐഎമ്മിനെ വിമര്‍ശിക്കാന്‍ പി ജയരാജനെ ഉപയോഗിക്കരുതെന്ന് പിണറായി പറഞ്ഞു. ഇത്തരം ബിംബങ്ങളെ ഉപയോഗിക്കാന്‍ മുമ്പും ശ്രമിച്ചിട്ടുണ്ട്. ഇത് വെച്ച് സിപിഐഎമ്മിനെ വേട്ടയാടിക്കളയാമെന്ന് കരുതരുത്. ആന്തൂര്‍ വിഷയത്തില്‍ സിപിഐഎം നേതാവ് എംവി ഗോവിന്ദനെ ആക്രമിക്കുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു. സാജന്‍ ആത്മഹത്യ ചെയ്ത് സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പ്രയാസവും കുറ്റബോധവുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി.കെ ശ്യാമളയെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ ബഹളം വെച്ചു. മുദ്രാവാക്യം വിളിച്ച പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങി. ഇതേതുടര്‍ന്ന് സ്പീക്കര്‍ സഭാ നടപടികള്‍ താല്‍കാലികമായി നിര്‍ത്തിവെച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker