ആലപ്പുഴയില്‍ അതിരൂക്ഷമായ കടലാക്രമണം; തീരവാസികള്‍ ദേശീയപാത ഉപരോധിച്ചു

ആലപ്പുഴ: ആലപ്പുഴ ജില്ലയുടെ തീരദേശമേഖലകളില്‍ അതിരൂക്ഷമായ കടലാക്രമണം തുടരുകയാണ്. അമ്പലപ്പുഴ, ചേര്‍ത്തല എന്നിവിടങ്ങളിലാണ് ഇന്നലെ ശക്തമായ കടലാക്രമണമുണ്ടായത്. കടലാക്രമണം തടയാന്‍ നടപടിയില്ലാത്തതില്‍ പ്രതിഷേധിച്ച് അമ്പലപ്പുഴയില്‍ തീരവാസികള്‍ രണ്ട് മണിക്കൂര്‍ ദേശീയപാത ഉപരോധിച്ചു. ചേര്‍ത്തല ഒറ്റമശ്ശേരിയില്‍ കടലാക്രമണം നേരിടുന്നവര്‍ റോഡില്‍ കുടില്‍ കെട്ടി ഉപരോധിച്ചു. രണ്ടിടങ്ങളിലും കളക്ടറെത്തി പ്രശ്‌ന പരിഹാരം ഉറപ്പു നല്‍കിയതിനെത്തുടര്‍ന്ന് ഉപരോധം അവസാനിച്ചു.

മഴ ശക്തമായതോടെയാണ് അമ്പലപ്പുഴയിലും ചേര്‍ത്തലയിലും കടലാക്രമണം ശക്തമായത്. പുറക്കാട്,കാക്കാഴം, നീര്‍ക്കുന്നം, വണ്ടാനം, വളഞ്ഞ വഴി ഭാഗങ്ങളില്‍ ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെ കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമായി. വീടുകളിലേയ്ക്ക് തിരയടിച്ച് കയറാന്‍ തുടക്കിയതോടെയാണ് വൈകിട്ട് പ്രതിഷേധവുമായി തീരവാസികള്‍ അമ്പലപ്പുഴയില്‍ ദേശീയ പാത ഉപരോധിച്ചത്. നൂറു കണക്കിന് തീരവാസികള്‍ എത്തിയതോടെ ദേശീയ പാതയില്‍ മണിക്കൂറുകളോളം
ഗതാഗതം തടസപ്പെട്ടു. തുടര്‍ന്ന് കളക്ടറെത്തി ചര്‍ച്ച നടത്തിയ ശേഷമാണ് ഉപരോധം അവസാനിപ്പിച്ചത്. ചേര്‍ത്തല ഒറ്റമശ്ശേരിയില്‍ കടലാക്രമണം നേരിടുന്ന വീടുകളിലെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ റോഡില്‍ കുടില്‍ കെട്ടി ഉപരോധിച്ചു. കടലാക്രമണത്തില്‍ ഭീഷണി നേരിടുന്ന വീടുകള്‍ക്കുള്ള സംരക്ഷണ ഭിത്തിയുടെ നിര്‍മ്മാണം രണ്ട് ദിവസത്തിനുള്ളില്‍ ആരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ് ഉറപ്പ് നല്‍കി.

കടല്‍ക്ഷോഭ പ്രദേശത്ത് നിന്ന് ആളുകള്‍ക്ക് മാറി താമസിക്കാമെന്നും മാറി താമസിക്കാന്‍ തയ്യാറാകുന്നവര്‍ക്ക് 10 ലക്ഷം രൂപ നല്‍കുമെന്നും കളക്ടര്‍ പറഞ്ഞു. വീടുകള്‍ക്കുള്ള സംരക്ഷണഭിത്തി രണ്ട്
ദിവസത്തിനകം നിര്‍മ്മിക്കുമെന്ന ഉറപ്പില്‍മ്മേലാണ് രണ്ടിടങ്ങളിലും ഉപരോധം അവസാനിച്ചത്. റോഡ് ഉപരോധം അവസനിപ്പിച്ച ശേഷം കടലാക്രമണ ബാധിത പ്രദേശങ്ങളും കളക്ടര്‍ സന്ദര്‍ശിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker