അപകടസമയത്ത് ബാലഭാസ്‌കറിന്റെ കാര്‍ ഓടിച്ചിരുന്നത് അര്‍ജുന്‍; ദൃക്‌സാക്ഷികളുടെ മൊഴി

കൊല്ലം: അപകടത്തില്‍പ്പെട്ട ബാലഭാസ്‌കറിന്റെ കാര്‍ ഓടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജുനാണെന്ന് മൊഴി. കൊല്ലത്തെ ജ്യൂസ് കടയില്‍ ബാലഭാസ്‌കറിനെ കണ്ട ദൃക്‌സാക്ഷികളുടെ മൊഴിയാണ് ക്രൈം ബ്രാഞ്ചിന് ലഭിച്ചത്. ജ്യൂസ് കടയിലേക്ക് വരുമ്പോഴും തിരിച്ചുപോയപ്പോഴും കാര്‍ ഓടിച്ചിരുന്നത് അര്‍ജുനാണെന്നാണ് ഇവരുടെ മൊഴി.

അപകടം നടക്കുന്ന ദിവസം പുലര്‍ച്ചെ 2 മണിയോടെ കൊല്ലം പള്ളിമുക്കിലെ ജ്യൂസ് കടയില്‍ ബാലഭാസ്‌കര്‍ എത്തിയിരുന്നു. ഈസമയത്ത് ഇവിടെയുണ്ടായിരുന്ന കൊല്ലം തേവലക്കര സ്വദേശികളായ മൂന്നുപേരുടെ മൊഴിയാണ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്. അപകടസമയത്ത് വാഹനം ഓടിച്ചത് ബാലഭാസ്‌കറാണെന്നായിരുന്നു ഡ്രൈവര്‍ അര്‍ജുന്‍ പറഞ്ഞിരുന്നത്. എന്നാല്‍ കൊല്ലത്തെ ജ്യൂസ് കടയില്‍ നിന്ന് പുറപ്പെടുമ്പോള്‍ വാഹനം ഓടിച്ചത് അര്‍ജുനാണെന്നാണ് ഇവര്‍ മൂന്നുപേരുടെയും മൊഴി.

കേസില്‍ നിര്‍ണായക മൊഴികള്‍ ലഭിച്ചെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ആരാണെന്നതില്‍ വ്യത്യസ്ത മൊഴികള്‍ ലഭിച്ചതിനാല്‍ ഇക്കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടായിരുന്നു. നിലവില്‍ കാര്‍ ഓടിച്ചിരുന്നത് അര്‍ജുന്‍ തന്നെയാണെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ശാസ്ത്രീയതെളിവുകളുടെ ഫലം കൂടി പുറത്തുവന്നാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാകൂ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker