റാഫേല്‍: അന്വേഷണം വേണ്ടെന്ന് വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികളില്‍ ഇന്ന് വാദം തുടരും

ദില്ലി: റാഫേല്‍ ഇടപാടില്‍ അന്വേഷണം വേണ്ടെന്ന സുപ്രിംകോടതി വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികളില്‍ സുപ്രിംകോടതിയില്‍ ഇന്ന് വാദം തുടരും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ അധ്യക്ഷതയില്‍ ഉള്ള മൂന്ന് അംഗ ബെഞ്ചാണ് വാദം കേള്‍ക്കുക. പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് കടത്തിയ രഹസ്യ രേഖകള്‍ പുനപരിശോധന ഹര്‍ജിയുടെ ഭാഗമായി പരിഗണിക്കരുത് എന്ന കേന്ദ്ര സര്‍ക്കാര്‍ ആവശ്യത്തില്‍ സുപ്രിംകോടതി ഇന്ന് തീരുമാനം എടുത്തേക്കും. ചോര്‍ന്നതിനെ തുടര്‍ന്ന് പൊതു മണ്ഡലത്തില്‍ ഉള്ള രഹസ്യ രേഖകള്‍ ശത്രു രാജ്യങ്ങള്‍ക്ക് ലഭിച്ചത് രാജ്യ സുരക്ഷയെ ബാധിക്കും എന്നും സര്‍ക്കാര്‍ ഇന്നലെ സുപ്രിം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ് മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.

റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട പ്രതിരോധ മന്ത്രാലയം രേഖകള്‍ മോഷ്ടിച്ചതായി അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ കഴിഞ്ഞ തവണ കോടതിയെ അറിയിച്ചത് വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് ഇക്കാര്യത്തില്‍ വ്യക്തത വരുത്തി സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രിംകോടതി നിര്‍ദേശിച്ചിരുന്നു. റാഫേല്‍ ഇടപാടും ആയി ബന്ധപ്പെട്ട പുനപരിശോധന ഹര്‍ജികള്‍ക്ക് ഒപ്പം പ്രശാന്ത് ഭൂഷണ്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന രണ്ട് രേഖകള്‍ രഹസ്യ രേഖകള്‍ ആണെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു. ഈ രേഖകള്‍ ഫോട്ടോകോപ്പി ചെയ്ത് പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് കടത്തുകയായിരുന്നു. ഇത് മോഷണം ആണെന്നും സര്‍ക്കാര്‍ സത്യവാങ് മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

റാഫേല്‍ യുദ്ധ വിമാനത്തിന്റെ യുദ്ധ പ്രാപ്തിയും ആയി ബന്ധപ്പെട്ട വിവരങ്ങള്‍ ആണ് ചോര്‍ന്നത്. രേഖകള്‍ ചോര്‍ത്തിയത് ദേശിയ സുരക്ഷയെ ബാധിക്കും. രേഖകള്‍ ഇപ്പോള്‍ പൊതു മണ്ഡലത്തില്‍ ലഭ്യമാണ്. പൊതു മണ്ഡലത്തില്‍ ഉള്ള രഹസ്യ രേഖകള്‍ ശത്രു രാജ്യങ്ങള്‍ക്ക് ലഭിച്ചത് രാജ്യ സുരക്ഷയെ ബാധിക്കും എന്നും സര്‍ക്കാര്‍ അവകാശ പെടുന്നു. രഹസ്യ സ്വഭാവം നഷ്ടമാകുന്നത് വിദേശ രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ക്ക് തിരിച്ചടിയാകും എന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

രേഖകള്‍ ചോര്‍ന്നതിനെ കുറിച്ച് ഫെബ്രുവരി 28 മുതല്‍ അന്വേഷണം നടന്ന് വരുന്നു. ചോര്‍ന്ന രേഖകള്‍ പുനപരിശോധന ഹര്‍ജിയുടെ ഭാഗം ആക്കരുത് എന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്‍ഡിഎ സര്‍ക്കാരിന്റെ റാഫേല്‍ കരാര്‍ മുന്‍ കരാറിനെ കാള്‍ ലാഭകരം ആയിരുന്ന എന്ന സിഎജി റിപ്പോര്‍ട്ടും കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ഫയല്‍ ചെയ്തിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker