ത്രിപുരയില്‍ സിപിഐഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; ശങ്കര്‍ പ്രസാദ് ദത്തയും ജിതേന്ദ്ര ചൗധരിയും മത്സരിക്കും

ത്രിപുരയില്‍ സിപിഐ എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. സിറ്റിങ് എംപിമാരായ ശങ്കര്‍ പ്രസാദ് ദത്ത ത്രിപുര വെസ്റ്റ് ജനറല്‍ സീറ്റിലും ജിതേന്ദ്ര ചൗധരി സംവരണ മണ്ഡലമായ ത്രിപുര ഈസ്റ്റിലും മത്സരിക്കും. ഇടതുമുന്നണി കണ്‍വീനര്‍ ബിജന്‍ ധര്‍ ആണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.

ഏപ്രില്‍ 11, 18 തീയതികളിലായി രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ്. സിപിഐ എം കേന്ദ്രകമ്മിറ്റിയംഗവും കിസാന്‍സഭ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിയുമാണ് ജിതേന്ദ്ര ചൗധരി. എംഎ, എല്‍എല്‍ബി ബിരുദധാരിയായ ശങ്കര്‍ ദത്ത സിപിഐ എം ത്രിപുര സംസ്ഥാനകമ്മിറ്റിയംഗമാണ്.

അഗര്‍ത്തലയില്‍ ആയിരക്കണക്കിനുപേര്‍ പങ്കെടുത്ത റാലിയിലാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.തെരഞ്ഞെടുപ്പ് നീതിപൂര്‍വവും സമാധാനപരവുമായി നടത്താനുള്ള നടപടി സ്വീകരിക്കണമെന്ന് ബിജന്‍ ധര്‍ ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പില്‍ പാര്‍ടി ഒറ്റക്കാണ് മല്‍സരിക്കുന്നതെന്നും കോണ്‍ഗ്രസുമായി സഖ്യമില്ലെന്നും ബിജന്‍ ധര്‍ വ്യക്തമാക്കി. ഇടതുപക്ഷം ശക്തമാകുമ്പോഴാണ് കേന്ദ്രത്തില്‍ ഒരു ബദല്‍ സര്‍ക്കാര്‍ ഉണ്ടാകുകയെന്നും സിപിഐ എം സ്ഥാനാര്‍ത്ഥികളെ ജനം വീണ്ടും പാര്‍ലമെന്റില്‍ എത്തിക്കുമെന്ന ഉറച്ച വിശ്വാസമുണ്ടെന്നും റാലിയില്‍ തടിച്ചുകൂടിയവരെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു.

ബിജെപി സംസ്ഥാനത്ത് അധികാരത്തില്‍ വന്നശേഷം ജനാധിപത്യ അവകാശങ്ങള്‍ അട്ടിമറിക്കുന്ന അക്രമവാഴ്ചയാണ് അരങ്ങേറുന്നത്. പ്രതിപക്ഷത്തിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല സിപിഐ എം സംസ്ഥാന സെക്രട്ടറി ഗൗതം ദാസ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker