ഇത് ചരിത്ര നിമിഷം; പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമിട്ട് ആയിരംദിനംകൊണ്ട് ലക്ഷത്തിലേറെപേരെ ഭൂമിയുടെ അവകാശികളാക്കി എല്‍ഡിഎഫ് സര്‍ക്കാര്‍

തിരുവനന്തപുരം: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമിട്ട് ആയിരംദിനംകൊണ്ട് ലക്ഷത്തിലേറെപേരെ ഭൂമിയുടെ അവകാശികളാക്കി എല്‍ഡിഎഫ് സര്‍ക്കാര്‍ ചരിത്രംകുറിച്ചു. സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം എല്ലാ കുരുക്കുമഴിച്ച് 1,02,681 പേര്‍ക്ക് പട്ടയം നല്‍കി. 3000 പേര്‍ക്കുകൂടി അടുത്തദിവസം പട്ടയം നല്‍കും.

‘ആയിരംദിനം’ ആഘോഷത്തിന്റെ ഭാഗമായി അര്‍ഹരായ എല്ലാവര്‍ക്കും പട്ടയം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി എല്ലാ ജില്ലകളിലും റവന്യൂ ഉദ്യാഗസ്ഥര്‍ക്ക് ചുമതല നല്‍കി. ഇതോടൊപ്പം സര്‍ക്കാര്‍ ഭൂമി കൈയേറുന്നവര്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിച്ചുവരികയാണ്. വിവിധ സ്ഥലങ്ങളില്‍ സ്വകാര്യവ്യക്തികളും സ്ഥാപനങ്ങളും കൈയേറിയ 203 ഹെക്ടര്‍ ഭൂമി ഒഴിപ്പിച്ചു.

തൃശൂര്‍ ജില്ലയിലാണ് ഈ സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ പട്ടയം നല്‍കിയത്, ഇതുവരെയായി 30123 എണ്ണം. ഇടുക്കിയില്‍ 20354 പട്ടയം നല്‍കി. ഇതില്‍ ജനുവരി 23ന് മാത്രം 1167.65 ഹെക്ടറില്‍ 6065 പട്ടയം നല്‍കി. മലപ്പുറം ജില്ലയില്‍ ഇതുവരെ 16, 400 പട്ടയം നല്‍കി.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നല്‍കിയ പല പട്ടയങ്ങളും തര്‍ക്കത്തിനിടയാക്കിയിരുന്നു. ജനസമ്പര്‍ക്ക പരിപാടിയില്‍ ഒരു പരിശോധനയും നടത്താതെ തോന്നുംപോലെ പട്ടയം നല്‍കി. ഭൂരഹിതരില്ലാത്ത (സീറോ ലാന്‍ഡ്‌സ് പട്ടയം) പദ്ധതിയുടെ ഭാഗമായുള്ളതില്‍ പലതും വ്യാജനായിരുന്നു. പലരും ഇപ്പോഴും തങ്ങളുടെ ഭൂമി അന്വേഷിച്ചു നടക്കുകയാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യമാസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കുറേ സമയം നഷ്ടമായി. ഏറെ വൈകിയാണ് പട്ടയം നല്‍കുന്ന നടപടികളിലേക്ക് കടക്കാനായത്.

അര്‍ഹതയുള്ള മുഴുവന്‍ പേര്‍ക്കും പട്ടയം നല്‍കുമെന്ന് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രകടനപത്രിയില്‍ ഉറപ്പുനല്‍കിയിരുന്നു. ഇതുപ്രകാരം എല്ലാ ജില്ലകളിലും ഭൂപരിഷ്‌കരണം ഡെപ്യൂട്ടി കലക്ടര്‍മാര്‍ക്ക് പട്ടയവിതരണത്തിന്റെ ചുമതല നല്‍കി. രേഖകള്‍ പരിശോധിക്കാന്‍ അദാലത്തും നടത്തി. തുടര്‍ന്നാണ് പട്ടയമേള നടത്തിയത്. ഇതിനുപുറമെ ലഭിക്കുന്ന അപേക്ഷകളില്‍ അപ്പപ്പോള്‍ത്തന്നെ പട്ടയം നല്‍കുന്നുമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനും മേല്‍നോട്ടം വഹിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker