പകരം വീട്ടി ഇന്ത്യ; കിവീസിനെ തകര്‍ത്തത് ഏഴ് വിക്കറ്റിന്; രോഹിത് ശര്‍മക്ക് അര്‍ധസെഞ്ചുറി

ഓക്‌ലന്റ്: ന്യൂസിലന്റിനെതിരായ രണ്ടാം ട്വന്റി-20ല്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ഏഴ് വിക്കറ്റിനാണ് ഇന്ത്യ കിവീസിനെ തകര്‍ത്തത്. ന്യൂസിലന്റ് ഉയര്‍ത്തിയ 159 റണ്‍സ് വിജയ ലക്ഷ്യം ഏഴ് വിക്കറ്റ് ശേഷിക്കെ ഇന്ത്യ മറികടക്കുകയായിരുന്നു.രോഹിത് ശര്‍മയും ധവാനും ഓപ്പണിംഗ് വിക്കറ്റില്‍ 79 റണ്‍സ് കൂട്ടിചേര്‍ത്ത ശേഷമാണ് ഇരുവരും പുറത്തായത്. തുടര്‍ന്ന് നാലാം വിക്കറ്റില്‍ 44 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഋഷഭ് പന്ത്-മഹേന്ദ്രസിംഗ് ധോണി സഖ്യം ഇന്ത്യയെ വിജയത്തിലെത്തിച്ചു. ഇതോടെ പരമ്പരയില്‍ 1-1ന് ഒപ്പത്തിനൊപ്പമായിരിക്കുകയാണ്.

159 റണ്‍സ് വിജയ ലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമായിരുന്നു രോഹിത് ശര്‍മയും ധവാനും നല്‍കിയത്. 16ാം അര്‍ധസെഞ്ചുറി കുറിച്ച രോഹിത് ശര്‍മ 29 പന്തില്‍ 50 റണ്‍സ് നേടി. ശിഖര്‍ ധവന്‍ 31 പന്തില്‍ 30 റണ്‍സും നേടി. ഋഷഭ് പന്ത് 23 റണ്‍സെടുത്ത് മടങ്ങി. തുടര്‍ന്ന് ധോണിയും പാണ്ഡ്യയും കളി ഏറ്റെടുക്കുകയായിരുന്നു.

ഇതിനിടെ മല്‍സരത്തിലാകെ നാലു സിക്‌സ് നേടിയ രോഹിത് ശര്‍മ, രാജ്യാന്തര ട്വന്റി-20യിലെ സിക്‌സുകളുടെ എണ്ണം 100 കടത്തി. 102 സിക്‌സ് തികച്ച രോഹിത്, രാജ്യാന്തര ട്വന്റി-20യില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടിയ താരങ്ങളില്‍ രണ്ടാം സ്ഥാനത്തെത്തി. രാജ്യാന്തര ട്വന്റി-20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി രോഹിത് ശര്‍മ മാറി. 92 മല്‍സരങ്ങളില്‍ നിന്നായി 84 ഇന്നിംഗ്‌സുകളില്‍നിന്ന് 2288 റണ്‍സാണ് രോഹിത് നേടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close

Adblock Detected

Please consider supporting us by disabling your ad blocker