ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ കോണ്‍ഗ്രസിന്റെ കേരളഘടകവും കേന്ദ്ര നേതൃത്വവും തമ്മിലുള്ള വിഭാഗീയത തുടരുന്നു

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ കോണ്‍ഗ്രസിന്റെ കേരളഘടകവും കേന്ദ്ര നേതൃത്വവും തമ്മിലുള്ള വിഭാഗീയത തുടരുന്നു. ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധിയ്ക്കെതിരെ ഓര്‍ഡിനന്‍സ് ആവശ്യപ്പെടുന്ന യുഡിഎഫിന്റെ നിലപാടാണ് കേന്ദ്ര നേതൃത്വത്തിന് തലവേദനയാവുന്നത്.

വോട്ട് ബാങ്ക് ലക്ഷ്യവെച്ചുള്ള യുഡിഎഫിന്റെ ശബരിമല നിലപാടില്‍, ഓര്‍ഡിനന്‍സ് ആവശ്യപ്പെട്ടാല്‍ ഏറ്റവും കുടുതല്‍ സമ്മര്‍ദ്ദത്തിലാവുന്നത് കോണ്‍ഗ്രസിന്റെ കേന്ദ്ര നേതൃത്വമാണ്. കാരണം അയോദ്ധ്യകേസില്‍ സുപ്രീംകോടതി ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വാദം കേട്ട് വിധി പറയും.

അയോദ്ധ്യ വിധി വന്നാല്‍ ബിജെപി ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്ന് ലീഗ് മറക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂണ്ടികാണിച്ചിരുന്നു. യുഡിഎഫിലെ ഏഴ് എംപിമാര്‍ ഓര്‍ഡിനന്‍സിനായി പ്രധാനമന്ത്രിയെ കാണാന്‍ തീരുമാനിച്ചത് കെപിസിസി അദ്ധ്യക്ഷന്‍ അറിയാതെയാണ്.

എന്നാല്‍ കേന്ദ്രവുമായി ആലോചിക്കാത്ത ഒരു നടപടിയും സ്വീകരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയത് പല യുഡിഎഫ് എംപിമാര്‍ക്കിടയിലും അസ്വാരസ്യങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്.

മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ച ചോദ്യത്തിന് മറുപടിയില്ലാതെ കെപിസിസി അദ്ധ്യക്ഷന്‍ പകച്ചു നിന്നത് അതിന് ഉത്തമ ഉദാഹരണവും. ശബരിമല വിഷയത്തില്‍ പാര്‍ലമെന്റില്‍ കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ച യു ഡി എഫ് എം പി മര്‍ക്കെതിരെ സോണിയ ഗാന്ധി രംഗത്തു വന്നതും പലരേയും ചൊടിപ്പിച്ചിട്ടുണ്ട്.

ശബരിമല യുവതി പ്രവേശന വിഷയം ലിംഗ സമത്വവുമായി ബന്ധപ്പെട്ടതായതിനാല്‍ ദേശീയ തലത്തില്‍ പ്രതിഷേധം വേണ്ടെന്നായിരുന്നു സോണിയയുടെ നിര്‍ദ്ദേശം.

അതേസമയം സുപ്രീം കോടതി വിധിയെ എതിര്‍ത്ത് ബി.ജെ.പി എം.പി മീനാക്ഷി ലേഖി പാര്‍ലമെന്റില്‍ രംഗത്ത് വന്നപ്പോള്‍ വിധി മറികടക്കാന്‍ പ്രത്യേക നിയമനിര്‍മ്മാണം നടത്തണമെന്ന് കെ.സി വേണുഗോപാല്‍ എം.പിയും ആവശ്യപ്പെട്ടു.ബിജെപിയും കോണ്‍ഗ്രസ് ഒന്നിച്ചാണ് പ്രവര്‍ത്തിക്കുന്നത് എന്നതിന്റെ തെളിവാണിത്.

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker