ഹിന്ദുക്കളായ പെണ്‍കുട്ടികള്‍ അന്യമതസ്ഥരെ വിവാഹം കഴിക്കരുത്; വിവാദ പ്രസ്താവനയുമായി ആര്‍എസ്എസ് നേതാവ്
ആഗ്ര: ഹിന്ദുക്കളായ പെണ്‍കുട്ടികള്‍ അന്യമതസ്ഥരെ വിവാഹം ചെയ്യാന്‍ പാടില്ലെന്ന വിവാദ പ്രസ്താവനയുമായി ആര്‍എസ്എസ് നേതാവ് സുരേഷ് ജോഷി. ഇന്ത്യയുടെ സംസ്കാരം നിലനിര്‍ത്തുക എന്നത് മാത്രമാണ് ആര്‍എസ്എസിന്റെ പ്രഥമ ലക്ഷ്യം. ഇതിനായി രാജ്യത്തെ പെണ്‍കുട്ടികളെ മറ്റു മതങ്ങളില്‍ പെട്ടവര്‍ക്ക് വിവാഹം ചെയ്തുകൊടുക്കാന്‍ പാടില്ലായെന്നാണ് സുരേഷ് ജോഷിയുടെ കര്‍ശന നിര്‍ദ്ദേശം.
വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഇന്ത്യയില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമായി മാറാന്‍ സാധ്യതയുണ്ട്. ഈ അവസ്ഥ വരാതിരിക്കാനാണ് അന്യമതസ്ഥരെ വിവാഹം കഴിക്കരുതെന്ന് ആവശ്യപ്പെടുന്നത്. പ്രത്യേകിച്ച് മുസ്ലിം യുവാക്കളെ ഹിന്ദു യുവതികള്‍ സ്വീകരിക്കാനെ പാടില്ല. ഹിന്ദു ജനസംഖ്യയാണ് വര്ധിക്കേണ്ടതെന്നും ഹിന്ദുക്കള്‍ ബഹുമാനിക്കപ്പെടേണ്ടവരാണെന്നും ഭയ്യാജി ജോഷി പറഞ്ഞു.
ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കുമ്പോള്‍ മനസും ശരീരവും ഒന്നായി ഒരാളില്‍ പരിവര്‍ത്തനം ഉണ്ടാകും. ഏതാനും ശാഖകളില്‍ പങ്കെടുത്താല്‍ ഏതൊരാള്‍ക്കും ഈ മാറ്റവുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സംസ്കാരം നിര്‍ത്തുവാന്‍ സ്വയംസേവകരുടെ എണ്ണം വര്‍ധിക്കേണ്ടതുണ്ടെന്നും ജോഷി പറഞ്ഞു.
സാമൂഹിക പ്രവര്‍ത്തനം ഇഷ്ടപ്പെടുന്നവര്‍ ആര്‍എസ്എസിലേക്ക് കടന്നു വരുന്നുണ്ട്. എന്നാല്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും ദളിതര്‍ക്കുമിടയിലും ആര്‍എസ്എസ് കൂടുതല്‍ പ്രവര്‍ത്തിക്കേണ്ടതായുണ്ടെന്നും സുരേഷ് ജോഷി പറഞ്ഞു.