കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം; വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിച്ചു

കോഴിക്കോട്: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിച്ചു. ഇന്ന് രാവിലെ 11.10ന് ജിദ്ദയില്‍ നിന്നുള്ള സൗദി എയര്‍ലൈന്‍സിന്റെ വിമാനം കരിപ്പൂരില്‍ ലാന്റ് ചെയ്തു. പ്രവാസി സംഘടനകളുടെ നേതൃത്വത്തില്‍ യാത്രക്കാര്‍ക്ക് ഊഷ്മളമായ സ്വീകരണം നല്‍കി.

റണ്‍വേ നവീകരണത്തെ തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍ത്തിവെച്ച വലിയ വിമാനങ്ങളുടെ സര്‍വീസാണ് ഇന്ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പുനരാരംഭിച്ചത്. 295 യാത്രക്കാരുമായി ജിദ്ദയില്‍ നിന്നും രാവിലെ പുറപ്പെട്ട സൗദി എയര്‍ലൈന്‍സിന്റെ വിമാനം രാവിലെ 11 മണിയോടെ കരിപ്പൂരില്‍ ലാന്റ് ചെയ്തു. യാത്രക്കാര്‍ക്ക് ഉഷ്മളമായ സ്വീകരണമാണ് വിമാനത്താവളത്തില്‍ ലഭിച്ചത്. പികെ. കുഞ്ഞാലിക്കുട്ടി എംപി., എം.കെ രാഘവന്‍ എംപി തുടങ്ങിവരും സന്നിഹിതരായിരുന്നു.

വിമാനം ഉച്ചക്ക് ശേഷം മൂന്ന് മണിയോടെ തിരിച്ചുപോകും. വരും ദിവസങ്ങളില്‍ കൂടുതല്‍ സര്‍വീസുകള്‍ ഇവിടെ നിന്നും ആരംഭിക്കും. മറ്റ് വിമാനക്കമ്പനികളും സര്‍വീസ് നടത്താന്‍ മുന്നോട്ട് വന്നിട്ടുണ്ട്. കോഴിക്കോട് നിന്നുള്ള സര്‍വീസ് പുനരാരംഭിക്കുകയും കണ്ണൂര്‍ വിമാനത്താവളം പ്രവര്‍ത്തന സജ്ജമാകുകയും ചെയ്ത സാഹചര്യത്തില്‍ പ്രവാസികളുടെ തടക്കമുള്ള യാത്രാ പ്രശ്‌നത്തിന് പരിഹാരമാകും.

മുന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് റണ്‍വേ നവീകരണം നടത്തുന്നതിനായിരുന്നു വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തിവെച്ചത്. ഇതോടെ ഹജ്ജ് സര്‍വീസടക്കം ഇവിടെനിന്നും മാറ്റിയിരുന്നു. എന്നാല്‍ നവീകരണം പൂര്‍ത്തിയായെങ്കിലും സര്‍വീസ് പുനരാരംഭിക്കാന്‍ വ്യോമയാന മന്ത്രാലയം തയ്യാറായിരുന്നില്ല. ഇതിനെ തുടര്‍ന്ന് ശക്തമായ പ്രക്ഷോഭങ്ങളും നടന്നിരുന്നു. തുടര്‍ന്നാണ് സര്‍വീസ് നടത്തുന്നതിന് സൗദി എയര്‍ലൈന്‍സിന് വ്യോമയാന മന്ത്രാലയം അനുമതി നല്‍കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close

Adblock Detected

Please consider supporting us by disabling your ad blocker