തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി; ഛത്തീസ്ഗഡില്‍ നക്സലാക്രമണത്തില്‍ ജവാനടക്കം അഞ്ച് പേർ കൊല്ലപ്പെട്ടു

റായ്പൂർ: നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഛത്തീസ്ഗഡിൽ നക്സലുകളുമായുണ്ടായ ‌ഏറ്റുമുട്ടലിൽ ജവാനടക്കം അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ഛത്തീസ്ഗഡിലെ ദന്തേവാദ ജില്ലയിലെ ബച്ചേലി പ്രവശ്യയിലാണ് അക്രമം നടന്നത്. സംഭവത്തിൽ നിരവധി പേര്‍ക്ക് പരുക്കേൽക്കുകയും ചെയ്തു.

വ്യാഴാഴ്ച രാവിലെയാണ് സൈന്യവും നക്സലുകളുമായുള്ള ഏറ്റുമുട്ടൽ നടന്നത്. മാർക്കറ്റിൽ നിന്നും സാധനങ്ങൾ വാങ്ങി മടങ്ങവെ സിഐഎസ്എഫ് വാഹനത്തിന് നേരെ നക്സലുകള്‍ അക്രമം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ട് സിഐഎസ്എഫ് ജവാന്മാരെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചതായി ദന്തേവാഡ സൂപ്രണ്ട് ഓഫ് പൊലീസ് അഭിഷേക് പല്ലവ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

ബസ് ഡ്രൈവർ, കണ്ടക്ടർ, ക്ലീനർ എന്നിവരാണ് മരിച്ച മറ്റ് മൂന്ന് പേർ. തെരഞ്ഞെടുപ്പ് റാലിക്കു വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിക്കാനിരുന്ന ജഗദൽപുരിൽ നിന്ന് 100 കിലോമീറ്റർ അകലെയാണ് സംഭവം നടന്നത്. കഴിഞ്ഞാഴ്ച ഇതേ പ്രദേശത്ത് ദൂരദര്‍ശന്‍ ക്യാമറാമാനും രണ്ട് ഛത്തീസ്ഗഡ് പോലീസ് ഉദ്യോഗസ്ഥരും നക്സലാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം ചെയ്ത് ഛത്തീസ്ഗഢില്‍ നക്സലുകൾ നിന്തരം ആക്രമണങ്ങള്‍ നടത്തി വരികയാണ്. ബുധനാഴ്ച ഒരു സിപിഐ പ്രവര്‍ത്തകനെ ഇവര്‍ അടിച്ചുകൊന്നിരുന്നു. സംസ്ഥാനത്തെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിഐഎസ്എഫ് യൂണിറ്റിലെ അംഗങ്ങളെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. ഛത്തീസ്ഗഡിൽ നവംബര്‍ 12, 20 തീയതികളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close

Adblock Detected

Please consider supporting us by disabling your ad blocker