ഇന്ത്യയ്ക്ക് ഒമ്പത് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം

തിരുവനന്തപുരം: കാര്യവട്ടം ഏകദിനത്തില്‍ വിന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് ഒമ്പത് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം. 105 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 14.5 ഓവറില്‍ ധവാന്‍റെ വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ജയത്തിലെത്തി. ഇന്ത്യക്കായി രോഹിത് ശര്‍മ്മ അര്‍ദ്ധ സെഞ്ചുറിയും(63) വിരാട് കോലി 33 റണ്‍സുമെടുത്ത് പുറത്താവാതെ നിന്നു. 45 പന്തില്‍ നിന്നായിരുന്നു രോഹിത് അമ്പത് തികച്ചത്. ജയത്തോടെ പരമ്പര ഇന്ത്യ സ്വന്തമാക്കി.

വിന്‍ഡീസ് പ്രഹരത്തോടെയാണ് ഇന്ത്യയുടെ മറുപടി ബാറ്റിംഗ് ആരംഭിച്ചത്. ഓഷേന്‍ തോമസ് എറിഞ്ഞ രണ്ടാം ഓവറിലെ അഞ്ചാം പന്തില്‍ ഓപ്പണര്‍ ശീഖര്‍ ധവാന്‍റെ കുറ്റി തെറിച്ചു. ആറ് റണ്‍സാണ് ധവാന് എടുക്കാനായത്. എന്നാല്‍ രോഹിത് ശര്‍മ്മയും നായകന്‍ വിരാട് കോലിയും ചേര്‍ന്ന് അനായാസം ഇന്ത്യയ്ക്ക് വിജയമുറപ്പിച്ചു. 10-ാം ഓവറില്‍ ഇന്ത്യ അമ്പതും 15-ാം ഓവറില്‍ 100 റണ്‍സും പിന്നിട്ടു. ഇതേ ഓവറില്‍ വിജയവും ഇന്ത്യ അടിച്ചെടുത്തു.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത വിന്‍ഡീസ് 31.5 ഓവറില്‍ 104 റണ്‍സിന് പുറത്തായി. തുടക്കത്തില്‍ രണ്ട് റണ്‍സിന് രണ്ട് വിക്കറ്റ് നഷ്ടമായ സന്ദര്‍ശകര്‍ പിന്നീട് കൂട്ടത്തകര്‍ച്ച നേരിടുകയായിരുന്നു. 25 റണ്‍സെടുത്ത ഹോള്‍ഡറാണ് വിന്‍ഡീസിന്‍റെ ടോപ് സ്കോറര്‍. എട്ട് താരങ്ങള്‍ക്ക് രണ്ടക്കം കാണാനായില്ല. ഇന്ത്യക്കായി ജഡേജ നാലും ബൂംമ്രയും ഖലീലും രണ്ട് വിക്കറ്റ് വീതവും ഭുവിയും കുല്‍ദീപും ഓരോ വിക്കറ്റും വീഴ്ത്തി.

ആദ്യ ഓവറിലെ നാലാം പന്തില്‍ കീറോണ്‍ പവലിനെ(0) ധോണിയുടെ കൈകളിലെത്തിച്ച ഭുവനേശ്വര്‍കുമാറാണ് വിന്‍ഡീസിന്റെ തകര്‍ച്ചക്ക് തുടക്കമിട്ടത്. രണ്ടാം ഓവറില്‍ ഈ പരമ്പരയിലെ വിന്‍ഡീസിന്റെ ബാറ്റിംഗ് നട്ടെല്ലായ ഷായ് ഹോപ്പിനെ അക്കൗണ്ട് തുറക്കും മുന്‍പ് ബൂംമ്ര ബൗള്‍ഡാക്കി. അപ്പോള്‍ വിന്‍ഡീസ് സ്കോര്‍ ബോര്‍ഡില്‍ രണ്ട് റണ്‍സ് മാത്രമെ ഉണ്ടായിരുന്നുള്ളു.

പിന്നീട് സാമുവല്‍സും റോമന്‍ പവലും ചേര്‍ന്ന് വിന്‍ഡീസിനെ 36 റണ്‍സില്‍ എത്തിച്ചെങ്കിലും ആക്രമിച്ച് കളിച്ച മര്‍ലോണ്‍ സാമുവല്‍സിനെ പുറത്താക്കി രവീന്ദ്ര ജഡേജ വിന്‍ഡീസിന് അടുത്ത തിരിച്ചടി നല്‍കി. 38 പന്തില്‍ 24 റണ്‍സെടുത്ത സാമുവല്‍സിനെ ജഡേജ ക്യാപ്റ്റന്‍ വിരാട് കോലിയുടെ കൈകളിലെത്തിക്കുകയായിരുന്നു. പിന്നീട് റോമന്‍ പവലുമായി സഖ്യത്തിന് ശ്രമിച്ച ഹെറ്റ്‌മെയറെ ജഡേജ വിക്കറ്റിന് മുന്നില്‍ കുടുക്കുകയും ചെയ്തതോടെ വിന്‍ഡീസ് കിതപ്പ് കൂടി. ഹെറ്റ്‌മെയറുടെ സമ്പാദ്യം വെറും ഒമ്പത് റണ്‍സ്.

തൊട്ടടുത്ത ഓവറില്‍ വ്യക്തിഗത സ്‌കോര്‍ 16ല്‍ നില്‍ക്കേ റോമനെ പേസര്‍ ഖലീല്‍ അഹമ്മദും പുറത്താക്കിയതോടെ വിന്‍ഡീസ് കൂട്ടത്തകര്‍ച്ചയിലായി. വാലറ്റത്തെ ബാറ്റിംഗ് പ്രതീക്ഷയായ ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറെ(25) ഖലീല്‍ അഹമ്മദ് കേദാര്‍ ജാദവിന്റെ കൈകളിലെത്തിച്ചതോടെ വിന്‍ഡീസിന്റെ അവസാന പ്രതീക്ഷയും നഷ്ടമായി. 29-ാം ഓവറിലെ ആദ്യ പന്തില്‍ കീമോ പോള്‍ അഞ്ച് റണ്‍സുമായി കുല്‍ദീപിനും കീഴടങ്ങി.

തകര്‍ച്ചയ്‌ക്കിടെ ദേവേന്ദ്ര ബിഷുവും കെമാര്‍ റോച്ചും ചേര്‍ന്ന് വിന്‍ഡീസിനെ അത്ഭുകതകരമായി 100 കടത്തി. എന്നാല്‍ ഒരു റിവ്യൂവില്‍ രക്ഷപെട്ട റോച്ചിനും അധികം ആയുസുണ്ടായിരുന്നില്ല. 15 പന്തില്‍ അഞ്ച് റണ്‍സെടുത്ത റോച്ചിനെ 32-ാം ഓവറില്‍ ജഡേജ ജാദവിന്‍റെ കൈകളിലെത്തിച്ചു. രണ്ട് പന്തുകളുടെ ഇടവേളയില്‍ റണ്ണൊന്നുമെടുക്കാതെ ഓഷേന്‍ തോമസിനെയും ജഡേജ പുറത്താക്കിയതോടെ വിന്‍ഡീസ് പോരാട്ടം 104ല്‍ അവസാനിക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close

Adblock Detected

Please consider supporting us by disabling your ad blocker