പിഡിപി ബന്ധം എന്തിന് അവസാനിപ്പിച്ചു; കാരണം വ്യക്തമാക്കി അമിത് ഷാ
ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ രാഷ്ട്രപതി ഭരണത്തിന് ഇടയാക്കിയ പിഡിപി- ബിജെപി സഖ്യതകര്ച്ചയുടെ കാരണം വ്യക്തമാക്കി അമിത് ഷാ.ശ്യാമപ്രസാദ് മുഖര്‍ജിയുടെ ചരമവാര്‍ഷികത്തില്‍ നടത്തിയ റാലിയില്‍ വച്ചാണ് ഇക്കാര്യം ബിജെപി ദേശീയ അദ്ധ്യക്ഷന്‍ വെളിപ്പെടുത്തിയത്. കേന്ദ്ര സര്‍ക്കാരും ബിജെപിയും എല്ലാവിധ പിന്തുണ നല്‍കിയിട്ടും വികസനപദ്ധതികള്‍ നടപ്പാക്കാന്‍ പിഡിപി സര്‍ക്കാറിന് ആയില്ല.
വികസനവും സമാധാനവും എല്ലാം നടപ്പാക്കുന്നതില്‍ പിഡിപി പരാജയപ്പെട്ടെന്നും അമിത് ഷാ കുറ്റപ്പെടുത്തി. കശ്മീരിന് വേണ്ടി കേന്ദ്രം ധാരാളം ഫണ്ടുകള്‍ അനുവദിച്ചു. ഭരണത്തിനായി സര്‍ക്കാര്‍ രൂപീകരിക്കുന്ന സമയത്ത് മൂന്ന് പ്രധാനപ്പെട്ട വാഗ്ദാനങ്ങളാണ് ഞങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കിയത്. കശ്മീരിന്റെ മൂന്നു മേഖലകളിലും ഒരേ പോലെയുള്ള വികസനം നടപ്പാക്കണം. തീവ്രവാദത്തെ അവസാനിപ്പിച്ച് സമാധാനം പുനസ്ഥാപിക്കണം. ജമ്മു കശ്മീരിനെ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി നിലനിര്‍ത്തും എന്നതായിരുന്നു ഈ മൂന്ന് വാഗ്ദാനങ്ങള്‍.
എന്നാല്‍ നിരവധി പദ്ധതികളും അവസരങ്ങളും നല്‍കിയെങ്കിലും ജമ്മുവും ലഡാക്കും വിവേചനം നേരിടുകയാണ്. ഞങ്ങള്‍ ഈ ഗവണ്മെന്റിന്റെ ഭാഗമായിരിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഇതാണ് അവസ്ഥയെങ്കില്‍ പ്രതിപക്ഷത്തിരിക്കുന്നതാണ് നല്ലത്.
സംസ്ഥാനത്തിന് വേണ്ടി അനുവദിച്ച ഫണ്ടുകള്‍ പിഡിപി വികസനത്തിന് വേണ്ടി ഉപയോഗിച്ചില്ലെന്ന് അമിത് ഷാ ആരോപിച്ചു. കേന്ദ്രസര്‍ക്കാര്‍ കശ്മീര്‍ താഴ്വരയില് സമാധാനം പുനസ്ഥാപിക്കാനുള്ള ധാരാളം ശ്രമങ്ങള്‍ നടത്തിയെങ്കിലും അതൊന്നും ഫലം കണ്ടില്ല. സൈനികനായ ഔറംഗസേബിനെ തട്ടിക്കൊണ്ടു പോയി വധിച്ചു. ഒരു പത്രപ്രവര്ത്തകന് കൊല്ലപ്പെട്ടു.
ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. ഇവിടെ എല്ലാവര്ക്കും എഴുതാനുള്ള അവകാശമുണ്ട്. ഇവിടെ പത്രപ്രവര്‍ത്തകരും ജവാന്മാരും കൊല്ലപ്പെടുകയാണെങ്കില്‍ ജമ്മുവില്‍ വികസനം കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ തങ്ങള്‍ക്ക് അധികാരത്തില്‍ തുടരാനും അധികാരമില്ലെന്ന് അദ്ദേഹം പറഞ്ഞു.