കണ്ണീരുണങ്ങാതെ ഗാസ: ഇസ്രയേല്‍ കടന്നാക്രമണത്തെ അപലപിച്ച് ലോകരാഷ്ട്രങ്ങള്‍

ജറുസലേം: ഗാസ അതിര്‍ത്തിയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ വെടിവെയ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 60 കവിഞ്ഞു. പലസ്തീന്‍ പ്രതിഷേധം വകവെയ്ക്കാതെ അമേരിക്ക ജറുസലേമില്‍ എംബസി തുറന്നതിന് പിന്നാലെയാണ് ഗാസ കൊലക്കളമായത്. അതേസമയം കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ചൊവ്വാഴ്ച സംസ്‌കരിച്ചു.

അധിനിവേശ മേഖലയില്‍ ഇസ്രയേല്‍ രാഷ്ട്രം സ്ഥാപിക്കപ്പെട്ടതും തുടര്‍ന്ന് ലക്ഷക്കണക്കിന് പലസ്തീനുകള്‍ അഭയാര്‍ത്ഥികളാകപ്പെട്ടതുമായ സംഭവത്തിന്റെ 70-ാം വാര്‍ഷികവേളയിലാണ് ഗാസയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെയുള്ള ഇസ്രയേലിന്റെ കടന്നാക്രണം. 2000 ത്തിലധികം പേര്‍ക്ക് വെടിവെയ്പില്‍ പരുക്കേറ്റതായി പലസ്തീന്‍ ആരോഗ്യമന്ത്രിലായം അറിയിച്ചു.

സംഭവത്തില്‍ വന്‍ പ്രതിഷേധമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉയര്‍ന്നുവരുന്നത്. ആക്രമണത്തെ അപലപിച്ച് യുഎന്‍ രംഗത്തെത്തി. ഗാസയില്‍ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടന്നതെന്നും യുഎന്‍ കുറ്റപ്പെടുത്തി. ഫ്രാന്‍സ്, ബ്രിട്ടന്‍, തുര്‍ക്കി, ജര്‍മനി, വെനസ്വേല, റഷ്യ, ചൈന, ലെബനന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇസ്രയേല്‍ ആക്രമണത്തെ തള്ളിപ്പറഞ്ഞു. ഇസ്രയേലി അംബാസിഡര്‍മാരെ തുര്‍ക്കിയും ദക്ഷിണാഫ്രിക്കയും തിരിച്ച് വിളിച്ചപ്പോള്‍, ഇസ്രയേല്‍ സംയമനം പാലിക്കണമെന്ന് ചൈന ആവശ്യപ്പെട്ടു.പലസ്തീന്‍ കൂട്ടക്കൊല ആശങ്കാജനകമാണെന്ന് റഷ്യയും വ്യക്തമാക്കി.

ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിച്ചകൊണ്ടുള്ള ട്രംപിന്റെ പ്രഖ്യാപനമാണ് ഒരിടവേളയ്ക്ക് ശേഷം സംഘര്‍ഷങ്ങള്‍ക്കയവുവന്ന പലസ്തീനെ വീണ്ടും കുരുതിക്കളമാക്കി തീര്‍ത്തത്. തങ്ങളുടെ എംബസി ടെല്‍ അവീവില്‍ നിന്ന് ജറുസലേമിലേക്ക് മാറ്റാനുള്ള അമേരിക്കന്‍ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധമാണ് പലസ്തീനില്‍ ഉയര്‍ന്നുവന്നത്. എന്നാല്‍ എതിര്‍പ്പ് വകവെയ്ക്കാതെ അമേരിക്ക തിങ്കളാഴ്ച എംബസി തുറക്കുകയായിരുന്നു. ഉദ്ഘാടന ചടങ്ങുകള്‍ നടക്കുന്നതിനിടെ ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍ എന്നപേരില്‍ പലസ്തീനില്‍ തുടക്കം കുറിച്ച ആറാഴ്ചത്തെ പ്രക്ഷോഭത്തില്‍ പങ്കെടുത്ത 35000 വരുന്ന പ്രതിഷേധക്കാര്‍ക്ക് നേരെയാണ് ഇസ്രയേല്‍ സൈന്യം വെടിവെയ്പ് നടത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker